Monday, June 27, 2011

എന്റെ ചെറുകഥകള്‍ 2 - ഞാന്‍ രാജ്മോഹന്‍ തമ്പി MBA

എന്റെ ചെറുകഥകള്‍ 2

ഞാന്‍ രാജ്മോഹന്‍ തമ്പി MBA ,

ഞാന്‍ രാജ് മോഹന്‍ തമ്പി,

ഇന്ത്യയിലെ പ്രശസ്തമായ ഐ ഐ എമില്‍ നിന്നും എം ബി എ പാസ്സായി. 

ഒരു മള്‍ടി നാഷണല്‍ കമ്പനിയില്‍ ഇവിടെ സീനിയര്‍ മാനേജര്‍ ആണ്. ശമ്പളം ഏകദേശം... അല്ലെങ്കില്‍ വേണ്ട അതൊക്കെ എന്തിനു പറയുന്നത്?

ആണുങ്ങളുടെ ശമ്പളവും സ്ത്രീകളുടെ വയസ്സും ചോദിക്കരുതെന്നാണ് മഹാകവി കുഞ്ഞന്‍ പറഞ്ഞത്.

സുന്ദരിയായ ഭാര്യ. ലെഫ്. കേണല്‍ മാധവ മേനോന്‍ സാറിന്റെ ഏക മകള്‍ അഞ്ജു. ജോലി ഒന്നും ആവശ്യമില്ലെങ്കിലും സമയം കൊല്ലാന്‍ അവള്‍ കണ്ടു പിടിച്ച മാര്‍ഗം തൊട്ടടുത്തുള്ള ഒരു ഇന്റര്‍നാഷണല്‍ പബ്ലിക്‌ സ്കൂളില്‍ പഠിപ്പിക്കുവാന്‍ പോകുന്നു. 

രണ്ടു മക്കള്‍. മൂത്തത് മോന്‍ ആദര്‍ശ്.. ഡല്‍ഹിയില്‍ മെഡിസിനു പഠിക്കുന്നു. മൂന്നാം വര്ഷം . പഠിത്തത്തിലെന്ന പോലെ കലാ കായിക മത്സരങ്ങളിലും  ഒന്നാമന്‍. അല്ലെങ്കിലും അങ്ങനെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ. ഞാന്‍ ആരാ മോന്‍? എന്റെ അച്ഛന്‍ അപ്പൂപ്പന്‍മാരാവട്ടെ കലാ കായിക രാജാക്കന്മാരല്ലേ?

ഇളയത് അഞ്ജന, മുസ്സൂരിയില്‍ ഒന്‍പതില്‍ പഠിക്കുന്നു. അവള്‍ ക്ലാസ്സ്‌ ഫസ്റ്റ് ആണ്. അവള്‍ക്ക് കലാ കായിക ഇനങ്ങളോട് ഒട്ടും തല്പരിയമില്ല. അവളുടെ അമ്മയെ പ്പോലെ.

അയ്യായിരം രൂപ മാസ വാടകയുള്ള ഒരു ബംഗ്ലാവില്‍ ആണ് താമസം. ഓഫീസില്‍  പോയി വരാന്‍ സ്കോട കാര്‍. ആജ്ഞകള്‍  കേള്‍ക്കാനും അനുസരിക്കാനും മാത്രം പഠിച്ച കീഴ്‌ ജീവനക്കാര്‍. 

എന്റെ പേര്‍സണല്‍ സ്റെനോ. മിസ്സ്‌ ജൂലി റോസാരിയോ ഫെര്‍ണാണ്ടോ. ഗോവനാണ്. അവളോടൊത്ത്  ഇന്ത്യയിലെയും വിദേശത്തെയും പല പഞ്ച നക്ഷത്ര ഹോട്ടെലുകളില്‍ എത്രയോ രാത്രികള്‍ ഉറങ്ങിയിരിക്കുന്നു. അവളുടെ ശരീര വടിവുകള്‍ എനിക്ക് മനപാഠം.  അല്ലെങ്കിലും അതിലൊന്നും ഇന്ന് പുതുമയില്ല.  അവള്‍ മാത്രമല്ല മറ്റു പലരും എന്നോടൊപ്പം ശയിക്കുന്നതില്‍  ആനന്ദം കണ്ടെതിയവരാണല്ലോ. 

പേര്‍സണല്‍ മാനേജര്‍ അഞ്ജലി ഗുപ്ത, അസിസ്റ്റന്റ്‌ അക്കൌണ്ടന്റ് മലില്നി പാണ്ടേ അങ്ങനെ പലരും ...

അവരുടെ ശമ്പളവും അലവന്‍സുകളും കൂട്ടുന്നതിലായിരുന്നു തന്റെ ശ്രദ്ധ.

ഞാന്‍ രാജ് മോഹന്‍ തമ്പി.... ഒറ്റപ്പാലത്തിനടുത്ത്‌ ചെര്‍പ്ലശേരിയില്‍ നീണ്ടു കിടക്കുന്ന കണ്ണെത്താത്ത പാട് ശേഖരങ്ങള്‍ അച്ഛന്‍ വഴി കിട്ടിയതാണ്. അതിന്റെ ഇന്നത്തെ മതിപ്പ് വില ഏകദേശം മൂന്നു കോടിയില്‍ പരം. അമ്മ വഴിക്ക് കിട്ടിയതാണ് ഏകദേശം ആറു കോടി മതിക്കുന്ന കാപ്പി തേയില പ്ലാന്ടഷന്‍സ്. കൂര്‍ഗിലും വയനാട്ടിലും. 

ഞാനും  അഞ്ജുവും ലവ് മാര്യേജ് ആയിരുന്നു എങ്കിലും അവളുടെ ബോംബയിലെയും ഡല്‍ഹിയിലെയും ഫ്ലാറ്റുകള്‍ വിറ്റാല്‍ മാത്രം ഉദ്ദേശം ഒരു പത്തു പതിനഞ്ചു കോടിയെങ്കിലും കിട്ടും. അതും ഇപ്പോള്‍ എന്റെ കസ്റ്ടിയില്‍. 

ഞാന്‍ രാജ്മോഹന്‍ തമ്പി... എന്റെ പ്രശ്നം ഞാന്‍ ഇത്രയേറെ ഉല്ലാസവാന്‍ എന്ന് മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും ഒട്ടേറെ മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട്.
അതിനു കാരണങ്ങള്‍ പലതാണ്. 
ഒന്നാമതായി എനിക്ക് മെമ്പര്‍ഷിപ്‌ ഉള്ള എലീറ്റ് ക്ലബിലെ വി ഐ പികളുടെ ഇടയില്‍ ഞാന്‍ വരുമാനം അടിസ്ഥാനമാക്കിയാല്‍ ആറാം സ്ഥാനത്താണ്. 

രണ്ടാമതായി എന്റെ ഭാര്യ അഞ്ജു സുന്ദരി ആണെങ്കിലും ക്യാപ്റ്റന്‍ ശേഖറിന്റെ ഭാര്യ മൃണാളിനിയുമായോ ബിസിനെസ്സ് മാന്‍ ജോര്‍ജ് തോമസിന്റെ ഭാര്യ മേഷ്സിയുമായ്  താരതമ്യം ചെയ്താല്‍ അഞ്ജു വെറും സീറോ.

മൂന്നാമതായി എന്റെ മോള്‍ ക്ലാസ്സ്‌ ഫസ്റ്റ് ആണെങ്കിലും ഡോക്ടര്‍ രാജശേഖരന്‍ നായരുടെയും ഡോക്ടര്‍ അമൃതയുടെയും മകള്‍ രണ്ജിനിയെക്കാള്‍ ഒരു മുഴം പിന്നില്‍.

ഞാന്‍ സ്കോട കാറില്‍ ക്ലബ്ബില്‍ എത്തുമ്പോള്‍ വിപിന്‍ ചന്ദ്രന്‍ (പ്ലന്റെര്‍ ആണ്) വരുന്നത് ബി എം ഡബ്ലിയു 318  
ഐ എസ് എന്ന കാറില്‍... ബി ബി സിയുടെ  മുഖ്യ ലേഖകന്‍ മി. രാജന്‍ ഫിലിപ് വരുന്നത് ബെന്‍സിന്റെ കൊട്ടാരം പോലത്തെ കാറില്‍. .

അങ്ങനത്തെ ഒരു ദിവസമാണ് ഞാന്‍ തൊട്ടടുത്തുള്ള ഗണപതി കോവിലില്‍ പോയതും  ഇങ്ങനെ പ്രാര്‍ഥിച്ച്ചതും.
"എന്റെ ഗണപതി ഭഗവാനെ .. എന്റെ കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ത്തു സമസ്ത ഐശ്വര്യങ്ങളും തരണേ..."

രാഷ്ട്രീയക്കാര്‍ വാക്കില്‍ മാത്രം സോഷ്യലിസം പ്രസംഗിച്ചു തോറ്റിടത്ത് ഭഗവാന്‍ ജയിചാലോ?
എന്റെ മനസ്സാക്ഷി എന്നെ പരിഹസിച്ചു...

മി. തമ്പി... നിനക്കിപ്പോള്‍ എന്താണ് കുഴപ്പം? എന്ത് കഷ്ടപ്പാടാണ് നിനക്കുള്ളത്...സുന്ദരിയായ ഭാര്യയില്ലേ?... രണ്ടു മിടുക്കരായ മക്കളില്ലേ? പണത്തിനു പണവും പ്രശസ്തിക്കു പ്രശസ്തിയും നല്ല ഉദ്യോഗം... പിന്നെ എന്തിന്റെ കുറവാണ് നിനക്ക്?

എനിക്ക് എന്റെ മനസ്സാക്ഷിക്കു മുമ്പില്‍ നിരത്ത്തുവാനുള്ളത് മുന്‍ പറഞ്ഞ കാരണങ്ങള്‍ തന്നെ...അത് ചിന്തിച്ചു ഉണ്ടായതാണ് ...ഈ കുഴപ്പങ്ങളെല്ലാം......

തൊഴുതു തിരിയവേ ചന്ദ്രശേഖരനെ കണ്ടു ഞെട്ടി... എന്റെ പ്രാര്‍ത്ഥന അവന്‍ കേട്ടുവോ എന്തോ...  

ഒറ്റപ്പാലത്തിനടുത്ത്‌ ചെര്‍പ്ലശേരിയില്‍ എന്റെ വീടിനടുത്താണ് ചന്ദ്രുവിന്റെ വീട്. ഓ ഞാന്‍ ചന്ദ്രു എന്ന് വിളിക്കുന്ന ചന്ദ്രശേഖരന്‍ ഒരു പാവപ്പെട്ട ഷാരത്തെ അംഗമാണ്. ആകെ ഒരു നേരമേ അവന് ആഹാരം എന്ന് വിളിക്കുന്ന കഞ്ഞി വെള്ളം പോലും കഴിക്കുവാനുണ്ടാവൂ. അമ്പലത്തിലെ കഴകം കൊണ്ട് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് വേണം അവനും അമ്മയും ദേവിയും കഴിയാന്‍,,,.
 ഓ ദേവിയെ കുറിച്ച് പറഞ്ഞില്ലല്ലോ.. ചന്ദ്രുവിന്റെ പെങ്ങള്‍... സാമാന്യം തരക്കേടില്ലാത്ത സൌന്ദര്യം പക്ഷെ പനംകുല പോലത്തെ തലമുടിയും അതില്‍ തുളസികതിര്‍ ചൂടിയുള്ള വരവും താനെത്ര പ്രാവശ്യം ആസ്വദിച്ചിരിക്കുന്നു. 
എല്‍ പി സ്കൂളിലെ ഒടിഞ്ഞ ബെഞ്ചില്‍ ഒന്ന് മുതല്‍ നാലാം ക്ലാസ്സു വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍ പഠിക്കാനും മിടുക്കനായിരുന്നു. കണക്കിന് അവന്റെ സ്ലേറ്റില്‍  നോക്കി എഴുതിയതിനു എന്നെ അടിക്കുന്നതിനു   പകരം അവനെയാണ് സാര്‍ അടിച്ചത്. കാരണം ആ സ്കൂള്‍ ഇരിക്കുന്ന സ്ഥലവും മറ്റും കൊട്ടാരം വകയായിരുന്നു. അവിടെ കാറില്‍ വന്നിറങ്ങുന്ന ഏക വിദ്യാര്‍ഥി   താനും...

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാട് വിട്ടുപോയതാണ് ചന്ദ്രുവിന്റെ അച്ഛന്‍.. അന്ന് മുതല്‍ക്കാണ് ദാരിദ്ര്യം ആ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയത്. 
അന്നേ ധനികനായിരുന്നിട്ടു  കൂടി രാത്രി അവന്‍ അമ്പലത്തില്‍ നിന്ന് കൊണ്ടുവരുന്ന ചോറിന്റെ ഒരു വീതം തനിക്കും ചന്ദ്രുവിന്റെ അമ്മ തരുമായിരുന്നു.  ഉപ്പു മാങ്ങയുടെ വെള്ളവും കൂട്ടിയുള്ള ഊണ്..... ഒരിക്കലും മറക്കാനാകാത്ത ആ സ്വാദ്...
എന്റെ  ശുപാര്‍ശ കൊണ്ടാണ് ചന്ദ്രുവിനു എന്റെ ബ്രാഞ്ചില്‍ പ്യൂണ്‍ ആയി ജോലി കിട്ടിയത്. അവനു പ്രീഡിഗ്രി വച്ച്  പഠനം ഉപേക്ഷിക്കേണ്ടി വന്നു . ഒരു മുഴു നീള പ്രാരാബ്ധക്കാരനായി  മാറി. 

അവന്റെ കഴിവ് കൊണ്ട് ഇപ്പോള്‍ ഓഫീസര്‍ വരെ ആയി. അവനൊട്ടും ചേരാത്ത ഭാര്യയെ ആണ് കിട്ടിയതെന്കിലും അവന്‍ ആരുടെയും ഒരു കുറ്റവും കുറവും പറയാറില്ല. ഞാന്‍ അവനുമായി ഓഫീസില്‍ വെച്ച്  സംസാരിക്കാറില്ല. അതിന്റെ ആവശ്യം ഉണ്ടാകാറില്ല. പുറത്തു ചുറ്റി നടക്കുന്ന ശീലം അവനു പണ്ടേ ഇല്ല. വീട് വിട്ടാല്‍ ഓഫീസ് ഓഫീസ് വിട്ടാല്‍ വീട്. ഒരിക്കല്‍ പോലും താന്‍ അയാളുടെ വീട്ടില്‍ പോയിട്ടില്ല. നേരിട്ട് കണ്ടാല്‍ താന്‍ ഒഴിഞ്ഞു മാറുകയാണല്ലോ പതിവ്.

പക്ഷെ ഇവിടെ ഒഴിയാനൊക്കില്ല. ഒന്ന് ചിരിച്ചെന്നു വരുത്തി ...എന്തെങ്കിലും ചോദിക്കണമല്ലോ.. എന്ന് കരുതി ചോദിച്ചു...

"ങ്ഹാ ചന്ദ്രുവോ? കണ്ടിട്ട് കുറെയായല്ലോ....എവിടെ താമസിക്കുന്നു? "

"നെഹ്‌റു നഗറില്‍ ഗാന്ധി പാര്‍കിനടുത്തുള്ള .."..

ഓ  ആ സ്ഥലം പണ്ട് ചതുപ്പ് നിലമായിരുന്നു... അന്ന് കുറെ ആന്റി സോഷ്യല്‍ അക്ടിവിടി നടക്കുന്ന സ്ഥലമായതിനാല്‍ അധികമാരും പകല്‍ കൂടി നടക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

തന്റെ ബംഗ്ലാവിന്റെ പിന്‍ ഭാഗം നെഹ്‌റു നഗറിന്റെ ഭാഗമാണ്. അവിടെ ഗാന്ധി പാര്‍ക്ക് ഉണ്ടോ ആവോ? ആര്‍ക്കറിയാം? ആ ഏരിയ അത്ര ശരിയല്ല. അവിടെ നഗരത്തിലെ ലോ ഇന്‍കം ഗ്രൂപ്പ് കാര്‍ താമസിക്കുന്ന ഇടമാണ്.

സംസാരിക്കുന്നതിനിടെ ഞാന്‍ ഇടവും വലവും ശ്രദ്ധിച്ചു.. ആരെങ്കിലും കാണുന്നുണ്ടോ ഭഗവാനെ? ഈ കൂടി ക്കാഴ്ച .. എന്നാല്‍ തീര്‍ന്നു. പിന്നെ എങ്ങനെ ഈ കീറ പരിഷകളുടെ മുമ്പില്‍ കൂടി തലയുയര്‍ത്തി നടക്കും. 
ഭാഗ്യം... ആരു കാണുന്നില്ല.
"കുട്ടികള്‍.."
ചന്ദ്രു പറഞ്ഞു... "എന്റെ മോന്‍ അനിരുദ്ധന്‍ അവന്‍ 12th കഴിഞ്ഞു സെക്കന്റ്‌ റാങ്ക് ഉണ്ട്. രണ്ടാമതെത് മോളാണ്. ദേവിക അവള്‍ ഇപ്പോള്‍ ഒന്പതിലാണ്. സ്കൂളില്‍ ഫസ്റ്റ് ആണ്."
എന്റെ മനസ്സില്‍ രണ്ടു തീക്കട്ടകള്‍ വീണു... എന്റെ മോന്‍ പാസായത് കഷ്ടിച്ച് 65 % മാര്‍ക്കുമായാണ്.  
എന്റെ മോള്‍ ക്ലാസ്സില്‍ ഫസ്റ്റ് ആണെന്നെ ഉള്ളൂ.. 

"എന്താ രാജ് ആലോചിക്കുന്നത്? " അവന്റെ ചോദ്യം എന്നെ ചുട്ടു പൊള്ളിച്ചു.. അയാളുടെ രാജ് വിളിയാണ് എന്നെ നീറ്റിയത് ..
ഇത് ഓഫീസ് അല്ല. ഇവിടെ ഞാന്‍ അയാളുടെ ബോസ്സുമല്ല..ഉള്ളിലുണ്ടായ അമര്‍ഷം കടിച്ചോതുക്കി ഞാന്‍  .. അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ മുഖത്ത്  ശിശു സഹജമായ പുഞ്ചിരി കണ്ടു. ഞാനും പുഞ്ചിരിക്കുവാന്‍  ശ്രമിച്ചു...
അത്  വികലമായോ എന്തോ?
എന്റെ മുഖം ചന്ദ്രു ശ്രദ്ധിക്കുകയായിരുന്നു...
"എന്താ രാജ് പ്രശ്നം... ആ മുഖം കണ്ടാല്‍ എന്തോ കടുത്ത പ്രയാസം ഉണ്ടെന്നറിയാം"

എനിക്കൊന്നും ഒളിക്കാന്‍ കഴിഞ്ഞില്ല... ഞങ്ങളുടെയിടയില്‍ ഞാന്‍ തീര്‍ത്ത മതില്‍ ഞാന്‍ തന്നെ തല്ലി തകര്‍ത്തു. ഒന്നൊന്നായി പ്രശ്നങ്ങള്‍ എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ചന്ദ്രു ഒന്ന് ചിരിച്ചു..
"ഇത്രേയുള്ളൂ? ഇതിനാ രാജ് ഇത്ര പ്രയാസപെട്ടത്‌? ഭഗവദ് ഗീതയില്‍  പറഞ്ഞത് ഓര്‍മയില്ലേ? സംഭവിച്ചതെല്ലാം നല്ലതിന്...സംഭവിക്കാനിരിക്കുന്നതും നല്ലതിന്.."
"എങ്ങനെ ചന്ദ്രു നീയിത്ര കുറഞ്ഞ വരുമാനത്തിലും യാതൊരു പരിഭവവുമില്ലാതെ സുഖമായി കഴിയുന്നു? നിനക്ക് കിട്ടുന്ന ശമ്പളം നിനക്ക് തികയുന്നുണ്ടോ?" ഞാന്‍ വീണ്ടും ആ എല്‍ പി സ്കൂളിലെ നാലാം ക്ലാസ്സുകാരനായി മാറി. 
"നോക്ക് രാജ് ... നമ്മള്‍ നമ്മളെക്കാള്‍ താഴെ നിലയില്‍ നില്‍ക്കുന്നവരെ  കാണണം .. അപ്പോള്‍ നാം എത്രയോ മെച്ചപ്പെട്ട ഒരു ജീവിതമാണ്‌ നയിക്കുന്നതെന്ന് കാണാം. നമ്മുടെ മേല്പ്പടിയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു പ്രയാസവും ഇല്ലെന്നു നമ്മള്‍ കരുതും. അവരോടു ചോദിച്ചാല്‍ അവരും പ്രശ്നങ്ങളുടെ കീറ ഭാണ്ഡം തുറക്കും." "ഇനി എനിക്കതിനു കഴിയുമോ? ചന്ദ്രു... നിനക്കെല്ലാം അറിയാം?" 
"ഇതൊന്നും എന്നെ ആരും പഠിപ്പിച്ചതല്ല... ജീവിതം അതിന്റെ കടുത്ത യാഥാര്‍ത്യങ്ങള്‍ കുറെയൊക്കെ നിനക്കും അറിവുണ്ടല്ലോ"
"കൈയില്‍ ചെമ്പു പാവയുള്ളപ്പോള്‍ വെള്ളി പ്പാവയെ  മോഹിക്കും അത് കിട്ടിയാല്‍ പിന്നെ സ്വര്‍ണ പ്പാവ വേണമെന്നാകും കൈയ്യില്‍ കാശ് ഉണ്ടെങ്കില്‍ ആര്‍ക്കു വേണം മരപ്പാവയെ? " ഒരു തത്വജ്ഞാനിയെപ്പോലെ  അവന്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു. 

അവന്‍ പറഞ്ഞതാണ്‌ സത്യം...
താന്‍ ഇന്നലെ വരെ കയ്യില്‍ കിട്ടിയതിനെ ഓടിച്ചു വിട്ടിട്ടു മേലെ പറക്കുന്നതിനെ സ്വന്തമാക്കാന്‍ യത്നിച്ചു... ഒടുവില്‍ കൈയിലിരുന്നതും പോയി...പറന്നു നടന്നതിനെയോട്ട് കിട്ടിയതുമില്ല.
...
തിരികെ മടങ്ങുമ്പോള്‍ ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു.
വീട്ടില്‍ എത്തിയ പാടെ അഞ്ജുവിനോട് പറഞ്ഞു. ഞാന്‍ ഈ ജോലി റിസൈന്‍ ചെയ്യുന്നു... അവള്‍ നടുങ്ങുന്നത് ഞാന്‍ അറിഞ്ഞു...
എന്താ കാര്യം എന്നൊന്നും അവള്‍ അന്വേഷിച്ചില്ല... നേരെ കുറ്റപ്പെടുത്തല്‍ തുടങ്ങി...ഞാന്‍ പറഞ്ഞു "വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണ്.. നിനക്കിഷ്ടമാണെങ്കില്‍ നമുക്ക് കേരളത്തിലാവാം ഇനിയുള്ള കാലം."

അവള്‍ വരില്ലെന്നുറപ്പുണ്ടായിരുന്നു... ..എന്റെ ഗ്രാമത്തെ പറ്റി കളിയാക്കാത്തതും കുറ്റപ്പെടുത്തത്തതും ആയ ദിവസങ്ങള്‍ ഇല്ലെന്നു പറയാം. 

ഓഫീസിലേക്ക്  റിസൈന്‍ വാര്‍ത്ത വിളിച്ചു പറഞ്ഞപ്പോള്‍ അഞ്ജു മുമ്പില്‍ ഒരു വൈറ്റ് പേപ്പറുമായി. "ഇതില്‍ എഴുതി തരൂ... നമ്മള്‍ ഈ ബന്ധം ഇവിടെ വെച്ച് ഒഴിയുന്നു... ലീഗല്‍ പേപ്പറുകള്‍ ഞാന്‍ ആ കാട്ടു മുക്കിലോട്ടു അയച്ചു തരാം"... എത്ര നല്ല ഭാര്യ?.....

"മെയിഡ് ഫോര്‍ ഈച് അദര്‍" "ബെസ്റ്റ് ഫാമിലി അവാര്‍ഡ്‌" അങ്ങനെ എത്രയെണ്ണം ഷോ കേസില്‍ ഇരുന്നെന്നെ കൊഞ്ഞനം കാണിക്കുന്നു. 

ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ പെട്ടി എടുത്തിറങ്ങി... ഈ തടവറയില്‍ നിന്നുമുള്ള മോചനം... ഇത്ര പെട്ടെന്ന് സാധ്യമാക്കിയത്... ചന്ദ്രു ആണ്... അവനെ മൊബൈലില്‍ വിളിച്ചു പറഞ്ഞു..
"എനിക്കതിശയമില്ല രാജ്... ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു..."
"എന്ത് ഇതും നീ മുന്‍ കൂട്ടി കണ്ടുവെന്നോ..."
"അതെ രാജ്... നിന്റെ ഉള്ളിലെ നന്മ ഇനിയും വറ്റിയിട്ടില്ല... അത് നീ തിരിച്ചറിയാന്‍ അല്പം വൈകിയെന്നു മാത്രം."
" അത് കാണിച്ചു തന്നത് നീയാണ് ചന്ദ്രു..."
ഫോണ്‍ കട്ട്‌ ചെയ്തു നേരെ എയര്‍ പോര്‍ട്ടില്‍ എത്തി ... കൊച്ചിയിലേക്കുള്ള വിമാന യാത്രയില്‍ നെടുതായൊന്നു നിശ്വസിച്ചു..
,,,,,

ഒറ്റപ്പാലത്തെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ എല്ലാ മുഖത്തും അത്ഭുതം  നീണ്ട ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വരവ്.... അമ്മ മരിച്ചിട്ടും അച്ഛന്‍ കിടപ്പിലായിട്ടും തിരിഞ്ഞു നോക്കാത്ത ഞാന്‍ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ  ലാന്‍ഡ്‌ ചെയ്തതിലാണ്  എല്ലാവര്ക്കും അത്ഭുതം..
ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ സംഗതികളുടെ കിടപ്പ് വശം പറഞ്ഞു.

എല്ലാവരും എന്നെ, നല്ലതാണു ചെയ്തത് എന്ന് പറഞ്ഞു അഭിനന്ദിച്ചു.

അന്ന് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ സുഖമായുറങ്ങി. രാത്രിയില്‍ ജനലില്‍ കൂടി വരുന്ന ചന്ദ്ര പ്രകാശവും മാനത്ത് മിന്നുന്ന നക്ഷത്ര കൂട്ടവും എന്നെ കണ്ണിറുക്കി കാണിച്ചു.. അവിടെയും ഇതേ ചന്ദ്രന്‍ ആയിരുന്നോ? ഇവിടെ നല്ല ശീതളിമ. അവിടെ എ/സി യിലും കൂടി കിട്ടാത്ത തണുപ്പ്. 

രാവിലെ അമ്പലത്തില്‍ പോയി വരുമ്പോള്‍ ദേവിയെ കണ്ടു...ആ പഴയ ദേവി തന്നെ.... ഒരു മാറ്റവുമില്ല. 
ചെറിയമ്മ  പറഞ്ഞാണ്  അറിഞ്ഞത്  അവളോട്‌ തനിക്കുണ്ടായിരുന്ന അടുപ്പത്തെ പറ്റി നാട്ടുകാര്‍ ഓരോന്നും പറഞ്ഞ് ആ കുട്ടിയുടെ ജീവിതം തന്നെ മുരടിച്ചു പോയി. വരുന്ന കല്യാണ ആലോചനകള്‍ ഒക്കെ അതില്‍ തട്ടി വീണു എന്നു പറഞ്ഞാല്‍ മതിയല്ലോ. കിടപ്പിലായ അമ്മയെ നോക്കുന്നതും അവളാണ്. 

ദേവി ആണത്രേ ഇവിടെ അച്ഛനെ  നോക്കാനും മറ്റും.... എനിക്കവളോട് സഹതാപം തോന്നി..

ഇതൊന്നും ഒരിക്കല്‍ പോലും ചന്ദ്രു പറഞ്ഞിരുന്നില്ല. ഇത്രയും സങ്കടങ്ങള്‍ ഉള്ളില്‍ ഒതുക്കി ആണ് അവന്‍ നടന്നിരുന്നത് എന്നോര്‍ത്തപ്പോള്‍ അവനോടുള്ള ബഹുമാനം കൂടി. 

ഞാന്‍ കാരണം ജീവിതം തകര്‍ന്നു പോയ ഒരു സാധു പെണ്‍കുട്ടി.... തനിക്കവളോട് എന്തായിരുന്നു വികാരം... എപ്പോഴും ഒരുമിച്ചു നടക്കും സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കും എന്നല്ലാതെ ... ഒരിക്കലും ആ കൈ വിരലുകളുടെ അറ്റത് പോലും തൊടാതെ ....

ദേവി എത്തിയപ്പോള്‍ പത്തു മണി കഴിഞ്ഞു.  വഴിയിലേക്കുള്ള നടക്കല്ലുകള്‍ കയറി വരുന്ന ദേവിയെ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു. ഇവളെക്കണ്ടാല്‍ മൃണാളിനി പോലും ഒന്നുമില്ല.

ഇനി ഇവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ തനിക്കവുമോ?

അവളോട് ചോദിച്ചപ്പോള്‍ നാണം കാല്‍ വിരലുകളാല്‍  നിലത്തു കളമെഴുതി. ദേവിയുടെ അമ്മയെ പോയി കണ്ടപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. സമ്മതം എന്ന അര്‍ത്ഥത്തില്‍ ശിരസ്സ്‌ ആട്ടി. 

ചെറിയമ്മയോട് സമ്മതം ചോദിച്ചപ്പോള്‍ പറഞ്ഞത് "നന്നായി മോനെ നിനക്കല്ലാതെ മറ്റാര്‍ക്കാണ് അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ കഴിയുക?" 
ദേവിയത്‌ കേട്ട് ഓടി പോയി. അവള്‍ പോയത് ഞാന്‍ ആ പാദസരത്തിന്റെ ശബ്ദം അകന്നു പോകുന്നതില്‍ നിന്നാണ് അറിഞ്ഞത്.

കുളക്കടവിന്റെ കല്‍പ്പടവുകളില്‍ അവളുടെ മടിയില്‍ തലവെച്ചു കിടക്കവേ ഞാന്‍ ചോദിച്ചു.."ഞാന്‍ ഒരു ജീവിതം തരട്ടെ?" അവളുടെ മറുപടി എന്നോട് പറഞ്ഞത് വിശാലമായ പാടത്തു കൂടി ഒഴുകിയെത്തിയ മന്ദ മാരുതനായിരുന്നു...ശരി എന്ന് പറഞ്ഞു തെങ്ങോലകള്‍ ഇളകിയാടി.
ഇതാണ് എന്റെ അഭയ സ്ഥാനം...മനസ്സിന് നഷ്ടപ്പെട്ട സ്വസ്ഥത തിരികെ കിട്ടി. സമാധാനത്തിന്റെ തോണിയില്‍  വിശുദ്ധിയുടെ പടവുകളിലേക്ക്.......
...................................................................................................................................................................

























No comments: